Friday, 20 May 2011

"ആടുജീവിതം" അറിയാതെ പോയവര്‍ക്ക്‌

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെക്കുറിച്ച് അറിയാതെ പോയവര്‍ക്കുള്ളതാണ് ഈ കുറിപ്പ്. ജീവിതം കരുപ്പിടിപ്പിക്കാന്‍ നാടും വീടും വിട്ട് മരുഭൂമിയിലെത്തിയ നജീബ് അനുഭവിച്ച കൊടുംയാതനകളാണ് ബെന്യാമിന്‍ തന്റെ നോവലില്‍ പറയുന്നത്. ഇത് വെറുമൊരു കഥയല്ല. യഥാര്‍ത്ഥ ജീവിതമാണ് ഇവിടെ ആവിഷ്‌ക്കരിക്കപ്പെടുന്നത്. ഇത്രയും മികച്ച മറ്റൊരു നോവല്‍ മലയാളത്തില്‍ മുന്‍പെങ്ങും ഇറങ്ങിയിട്ടില്ലെന്നു വേണമെങ്കില്‍ പറയാം. നാം അനുഭവിക്കാത്ത ജീവിതം പലപ്പോഴും കെട്ടുകഥകളാകും എന്ന ആമുഖത്തോടെയാണ് കഥയുടെ ആരംഭം. കഥയുടെ ചുരുക്കരൂപത്തിലേക്ക് നമുക്കൊന്നു കണ്ണോടിക്കാം.

കഥയെക്കുറിച്ച്‌ ചുരുക്കത്തില്‍
      കേരളത്തില്‍ വെറുമൊരു സാധാരണ തൊഴിലാളിയായിരുന്നു നജീബ്. പ്രൈമറി ക്ലാസുവരെ മാത്രം പഠനം. ജീവിത സ്വപ്‌നങ്ങള്‍ക്ക് ചിറകേകാന്‍ വേണ്ടിയാണ് ഒരു സുഹൃത്തിന്റെ ബന്ധുവഴി കിട്ടിയ തൊഴില്‍ വിസയുമായി നജീബ് സൗദിയിലേക്ക് പറക്കുന്നത്. കൂടെ അതേവഴിക്കു തന്നെ വിസ കിട്ടിയ ഹക്കിം എന്നൊരു പയ്യനും ഉണ്ടായിരുന്നു. അമ്മയെയും ഗര്‍ഭിണിയായ ഭാര്യയെയും വിട്ട് സൗദിയിലേക്ക് പറക്കുമ്പോള്‍ നജീബിന് ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ റിയാദില്‍ ചെന്നിറങ്ങിയ നജീബിനും ഹക്കീമിനും അവരുടെ സ്‌പോണ്‍സറെ കണ്ടെത്താന്‍ സാധിച്ചില്ല. അന്യനാടായതിനാലും അറബി വശമില്ലാത്തതിനാലും പരിഭ്രമിച്ചു തങ്ങളുടെ സ്‌പോണ്‍സറെ കണ്ടെത്താന്‍ ശ്രമിച്ച അവരെ വരവേറ്റത് ഒരു അറബിയായിരുന്നു.

     അവരുടെ കൈയ്യില്‍ നിന്നും യാത്രാരേഖകള്‍ വാങ്ങിയ അയാള്‍ അവരെ വണ്ടിയില്‍ കയറ്റി മണിക്കൂറുകളോളം ഓടിച്ചുപോയി. അറബി അറിയാത്തതിനാല്‍ അയാളുമായി ആശയവിനിമയം നടത്താനും നജീബിന് വശമില്ലായിരുന്നു. അവസാനം അവര്‍ എത്തിപ്പെട്ടത് ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തിലാണ്.

     പിന്നീടുള്ളത് ഒരു വിശ്രമമില്ലാത്ത ജീവിതമായിരുന്നു. അറബാബിന്റെ മര്‍ദ്ദനമേറ്റ് ആടുകളെ പരിപാടിച്ച്. നജീവ് അവിടെ എത്തുന്ന സമയത്ത് മറ്റൊരു വേലക്കാരന്‍ കൂടി അവിടെ ഉണ്ടായിരുന്നു. ഒരു ദിവസം അയാളെ കാണാതായി. അതോടെ അയാളുടെ ജോലി കൂടി നജീബിന് ചെയ്യേണ്ടി വന്നു. ആടുകള്‍ക്ക് വെള്ളവും ഭക്ഷണവും കൊടുക്കുക, മേയ്ക്കാന്‍ കൊണ്ടുപോവുക, പാല്‍ കറന്നെടുക്കുക തുടങ്ങി ആണാടുകളുടെ വാരിയുടക്കാന്‍ വരെ അറബാബിനെ സഹായിച്ചു പോന്നു. പച്ചപ്പാലും കുബ്ബൂസും വെള്ളവും മാത്രം ഭക്ഷണം, താമസിക്കാന്‍ ഒരു മുറി പോയിട്ട് ശുചിത്വപാലനത്തിനുള്ള ഒരു സാഹചര്യവും അവിടെയുണ്ടായിരുന്നില്ല. ആകെ കാണുന്ന ഒരു മനുഷ്യജീവി അറബാബ് മാത്രം. എന്നാല്‍ അറബി വശമില്ലാത്തതിനാല്‍ സംസാരിക്കാനും നിവൃത്തിയില്ലതാനും.

     അടുത്തുതന്നെ മറ്റൊരു മസറയും ഉണ്ടായിരുന്നു. അവിടെ ജോലി ചെയ്യുന്ന ഹക്കീമിനെ വല്ലപ്പോഴും കാണുന്നതോ സംസാരിക്കുന്നതോ അറബാബിന് ഇഷ്ടമല്ലായിരുന്നു. ആട്ടിന്‍പറ്റത്തെ തെളിച്ച് എത്ര അകലെ പോയാലും ബൈനോക്കുലറിലൂടെ നിരീക്ഷിക്കുന്ന അറബാബില്‍ നിന്നും രക്ഷപ്പെടുക അത്ര എളുപ്പമല്ലായിരുന്നു. നജീബ് മസറയില്‍ എത്തിയ ദിവസം കാണപ്പെട്ട വേലക്കാരന്റെ അഴിഞ്ഞളിഞ്ഞ ശവശരീരം മരുഭൂമിയില്‍ കാണപ്പെട്ടത് നജീവിനെ രക്ഷപ്പെടലില്‍ നിന്നും പിന്‍തിരിപ്പിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ അറബാബിന്റെ കൈകൊണ്ടുള്ള മരണം ഉറപ്പ്. ആകാശത്തു പറക്കുന്ന പക്ഷിയെ അത്ര ഉന്നം വെച്ചാണ് അറബാബ് കൊന്നിട്ടത്.

     ഇത്തിരി തണലിനും ആശയവിനിമയത്തിനും ആരുടെയെങ്കിലും സഹവാസത്തിനും വേണ്ടി കൊതിച്ച നജീബിനു അതൊന്നും ലഭിച്ചില്ല. ഒടുവില്‍  അയാള്‍ ആശ്രയം കണ്ടെത്തിയത് ആടുകളുമായുള്ള സൗഹൃദത്തിലാണ്‌.  മുന്‍ ജീവിതത്തില്‍ താന്‍ കണ്ടെത്തിയ മനുഷ്യരുടെ പേരുകള്‍ അവര്‍ക്ക് നല്‍കി അവരുമായി അയാള്‍ സം‌വദിച്ചു. ആടുമായി ശരീരം പങ്കിട്ട ഒരനുഭവം പോലും അയാള്‍ക്കുണ്ട്. സുന്ദരിയായ മേരി മൈമുനയും, പോച്ചക്കാരി രമണിയും, ചാടി ഇടിക്കുന്ന അറവു റാവുത്തറും, ഇണ്ടിപ്പോക്കറും, ഞണ്ടുരാഘവനും പരിപ്പുവിജയനും, ചക്കിയും, അമ്മിണിയും മറ്റും അയാളുടെ സുഹൃത്തുക്കളായ ആടുകളില്‍ ചിലതായിരുന്നു. താന്‍ എത്തിയതിനു ശേഷം ആദ്യം പിറന്ന ആട്ടിന്‍ കുട്ടിയെ അയാള്‍,സ്വന്തം മകനു ഇടാന്‍ കണ്ടെത്തിവച്ചിരുന്ന പേരിട്ടു ലാളിച്ചു. നജീബിന്റെ പ്രതിക്ഷേധം വകവയ്ക്കാതെ അറബാബ് ഒരു ദിവസം ആ മുട്ടനാട്ടിന്‍ കുട്ടിയുടെ വരിയുടച്ചപ്പോള്‍ ,നജീവിനു സ്വന്തം പൗരുഷം തന്നെ നഷ്ടപ്പെട്ട മട്ടായി.

      ഇതിനിടെ ഹക്കീം ജോലി ചെയ്തിരുന്ന മസറയില്‍ ഇബ്രാഹിം ബാദരി എന്നൊരു സൊമാലിയന്‍ക്കാരന്‍ കൂടി ജോലിക്കാരനായി വന്നു. മരുഭൂമിയിലെ ജീവിതം കൂടുതല്‍ പരിചയമുള്ള ഒരു നല്ല മനുഷ്യനായിരുന്നു അയാള്‍. ഒളിച്ചോടാനുള്ള അവസരം പാര്‍ത്തിരുന്ന ഹക്കീമും ബാദരിയും, രണ്ടു മസറകളിലേയും അറബാബുമാര്‍, അവരില്‍ ഒരാളുടെ മകളുടെ വിവാഹത്തില്‍ സംബന്ധിക്കാന്‍ പോയ അവസരം ഉപയോഗിക്കാന്‍ തീരുമാനിച്ചു. നജീബിനേയും അവര്‍ കൂടെ ചേര്‍ത്തു. മരുഭൂമിയിലൂടെ ദിവസങ്ങള്‍ നീണ്ടു നിന്ന പലായനത്തില്‍ ദിശനഷ്ടപ്പെട്ട അവര്‍ ദാഹവും വിശപ്പും കൊണ്ടു വലഞ്ഞു. പരിചയസമ്പന്നനായ ബാദരിയുടെ സാന്നിദ്ധ്യവും ത്യാഗമനസ്ഥിതിയും സഹായിച്ചെങ്കിലും ആ യാത്രയ്ക്കിടയില്‍ ദാഹം സഹിക്കാതെ ഹക്കീം മരിച്ചു. പിന്നെയും പലായനം തുടര്‍ന്ന ബാദരിയും നജീബും ഒടുവില്‍ ഒരു മരുപ്പച്ച കണ്ടെത്തി. അവിടെ ദാഹം തീര്‍ത്ത് കുറേദിവസം തങ്ങിയ ശേഷം അവര്‍ വീണ്ടും യാത്ര തുടര്‍ന്നു.

     ഏതെങ്കിലും ഹൈവേയില്‍ ചെന്നെത്തുകയായിരുന്നു അവരുടെ ലക്ഷ്യം. ഒരു രാത്രിയില്‍ ഉറക്കം ഉണര്‍ന്ന നജീബിനു കുറേ അകലെ എവിടെയോ വാഹനങ്ങളുടെ ശബ്ദം കേള്‍ക്കുന്നതായി തോന്നി. ഈ സന്തോഷവാര്‍ത്ത അറിയിക്കാന്‍ ബാദരിയെ അന്വേഷിച്ച നജീബിനു അയാളെ കണ്ടെത്താനായില്ല. അയാള്‍ക്ക് എന്തു സംഭവിച്ചുവെന്നതിനെക്കുറിച്ച് ഒരു സൂചനയും കിട്ടിയില്ല. ഒടുവില്‍ ഒറ്റയ്ക്ക് യാത്രതുടര്‍ന്ന നജീബ് ഹൈവേയില്‍ എത്തി. അവിടെ, ദയാലുവായ ഒരു മനുഷ്യന്‍ അയാളെ തന്റെ കാറി കയറ്റി, അടുത്ത പട്ടണമായ ബത്തയില്‍ എത്തിച്ചു.  

      പട്ടണത്തില്‍ വിചിത്രജീവിയായി അലഞ്ഞുനടന്ന നജീവ് ഒടുവില്‍ കുഞ്ഞിക്ക എന്ന നല്ല മനുഷ്യന്‍ നടത്തുന്ന മലബാര്‍ റെസ്റ്റോറന്റിനു മുന്‍പില്‍ തളര്‍ന്നു ബോധംകെട്ടു വീണു. അവിടെ ദീര്‍ഘനാളത്തെ പരിചരണത്തിനൊടുവില്‍ മനുഷ്യരൂപവും ആരോഗ്യവും വീണ്ടെടുത്ത നജീബ് നാട്ടിലേയ്ക്കു മടങ്ങാനുള്ള വഴിയാലോചിച്ചു. എങ്ങനെയെങ്കിലും പോലീസിന്റെ പിടിയില്‍ പെടുകയായിരുന്നു അതിനുള്ള മാര്‍ഗ്ഗം. സ്വന്തം അറബാബിന്റെ അടുത്തു നിന്ന് ഒളിച്ചോടി കുഞ്ഞിക്കയുടെ ഹോട്ടലില്‍ എത്തിയ ഹമീദെന്ന മലയാളിയും അയാള്‍ക്കൊപ്പം കൂടി. പോലീസിന്റെ കണ്ണില്‍  പെടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ അവര്‍ ഒരു പോലീസ് സ്റ്റേഷനില്‍ കയറിച്ചെല്ലുക തന്നെ ചെയ്തു. യാത്രാരേഖകളോ മറ്റു രേഖകളോ ഒന്നുമില്ലാതിരുന്ന അവര്‍ രാജ്യത്തെ ഏറ്റവും വലിയ തടവറയായ സുമേസി ജയിലില്‍
ബന്ധിതരായി. ജെയിലിലെ ജീവിതം താരതമ്യേന സുഖമായിരുന്നു.
 അവിടെ അവര്‍ ആകെ ഭയന്നിരുന്നത്, ഓടിപ്പോയ ജോലിക്കാരെത്തേടി വന്നിരുന്ന അറബാബുമാരുടെ മുന്‍പില്‍ ആഴ്ചയിലൊരിക്കല്‍ തിരിച്ചറിയലിനു നിന്നുകൊടുക്കേണ്ടി വരുന്നതായിരുന്നു.

     ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ജെയിലിലെത്തിയ ഹമീദിന്റെ അറബാബ് അയാളെ തിരിച്ചറിഞ്ഞ് പിടിച്ചു കൊണ്ടുപോയി. കുറേ ദിവസങ്ങള്‍ക്കു ശേഷം നജീവിന്റെ അറബാബും ജെയിലില്‍ വരുകയും അയാളെ തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ അയാള്‍ നജീവിനെ കൊണ്ടുപോയില്ല. അയാള്‍ക്ക് നല്ലമനസ്സു തോന്നിച്ച ദൈവകാരുണ്യത്തിനു നജീബ് നന്ദി പറഞ്ഞെങ്കിലും അയാള്‍ നജീവിനെ കൊണ്ടുപോകാതിരുന്നതിനു കാരണം മറ്റൊന്നായിരുന്നു.

     നിയമദൃഷ്ടിയില്‍ നജീബിന്റെ അറബാബല്ലാത്ത അയാള്‍ക്ക് നജീബിനെ കൊണ്ടുപോകാന്‍ വഴിയില്ലായിരുന്നു. ഇക്കാര്യം ഒരു ജെയില്‍ അധികാരിയില്‍ നിന്നറിഞ്ഞപ്പോഴാണ്‌, മറ്റാര്‍ക്കോ വിധിച്ചിരുന്ന ദൗര്‍ഭാഗ്യമാണ്‌ തനിക്ക് അനുഭവിക്കേണ്ടി വന്നതെന്ന് നജീബ് മനസ്സിലാക്കിയത്.
 മൂന്നാഴ്ചകള്‍ക്കുശേഷം അനധികൃത പ്രവാസികള്‍ക്ക് നാട്ടിലെത്താനുള്ള "ഔട്ട് പാസ്സ്"-കളുമായി ജെയിലിലെത്തിയ ഇന്ത്യന്‍ എംബസ്സി ഉദ്യോഗസ്ഥന്മാന്‍ വിളിച്ച പേരുകളിലൊന്ന് നജീബിന്റേതായിരുന്നു. ആകെ എണ്‍പതുപേര്‍ക്കായിരുന്നു അന്ന് ആ വിശേഷ യാത്രാപത്രിക കിട്ടിയത്. അവര്‍ക്കൊപ്പം ഒരു വണ്ടിയില്‍ വിലങ്ങണിഞ്ഞ കയ്യുമായി വിമാനത്താവളത്തിന്റെ പ്രവേശനകവാടം കടന്ന നജീബിനു, വിലങ്ങണിഞ്ഞ എണ്‍പത് ആടുകളെ ഒരു മസറയിലേക്ക് ആട്ടിത്തെളിച്ചുകയറ്റുന്നതായും ആ ആടുകളില്‍ ഒന്ന് താനായിരിക്കുന്നതായുമാണ്‌ തോന്നിയത്.

ബെന്യാമിന്‍ തന്റെ എല്ലാ വികാരങ്ങളും നജീബിനുവേണ്ടി അല്ലെങ്കില്‍ മരുഭൂമിയില്‍ യാതന അനുഭവിക്കുന്നവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന നോവല്‍. അല്ലെങ്കില്‍ നാമറിയാതെ പോയ ചില ജീവിതങ്ങളെ പരിചയപ്പെടുത്തല്‍. നമുക്കെന്തു നിര്‍വ്വചനം വേണമെങ്കിലും കൊടുക്കാം. ഇതുപോലെ എത്രയെത്ര ജീവിതങ്ങള്‍ ഈ മണലാരണ്യത്തില്‍ നമുക്കിടയിലൂടെ നാമറിയാതെ സഞ്ചരിക്കുന്നുണ്ടാകാം.Pradeebkumar.B
96-00,Electrical


Thursday, 19 May 2011

പഴമയെ സ്‌നേഹിക്കുന്നവര്‍ക്കായി ഒരു വെളിച്ചം.

 ദുബായ്  മ്യൂസിയത്തില്‍ നിന്നും പകര്‍ത്തിയ ഒരു ചിത്രം.Vijesh P
96-00,Mechanical

ബാബുരാജിന് ചായക്കൂട്ടുകള്‍കൊണ്ടു പ്രണാമം

     പ്രശസ്ത സംഗീത സംവിധായകന്‍ എം.എസ് ബാബുരാജിന്റെ ഗാനങ്ങള്‍ക്ക് ചായക്കൂട്ടുകള്‍കൊണ്ട് ഒരിക്കല്‍കൂടി ജീവനേകുകയാണ് സി.ഡി സജിത്കുമാര്‍.  പ്രകൃതിയുടെ നിഷ്‌കളങ്കഭാവങ്ങളെ സംഗീതവുമായി ഇഴചേര്‍ത്ത വിഖ്യാതസംഗീതസംവിധായകന് മുന്നില്‍ ഹൃദയപൂര്‍വ്വം സമര്‍പ്പിക്കുന്നു ഈ നിറക്കൂട്ടുകള്‍. 

     കടലേ നീല കടലേ...നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ..അരങ്ങിതില്‍ ആളൊഴിഞ്ഞു കാണികള്‍ വേര്‍പിരിഞ്ഞു..അനുരാഗ നാടകത്തിന്‍ അന്ത്യമാം രംഗം തീര്‍ന്നു..ഇണക്കുയിലേ ഇണക്കുയിലേ ഇനിയെവിടെ കൂടുകൂട്ടും ഇണക്കുയിലേ ...താനേ തിരിഞ്ഞും മറിഞ്ഞും...സൂര്യകാന്തി സൂര്യകാന്തി സ്വപ്‌നം കാണുവതാരേ...തുടങ്ങി മലയാളികളുടെ മനസ്സിനെ പുളകമണിയിച്ച നിരവധി ഗാനങ്ങള്‍ക്കാണ് സജിത്കുമാര്‍ എന്ന കലാകാരന്‍ നിറക്കൂട്ടുകള്‍ ചാര്‍ത്തിയിരിക്കുന്നത്. 

     അക്രലിക്, ഓയില്‍ എന്നിവയില്‍ വരച്ച ചിത്രങ്ങളാണ് അധികവും. ഇതിനകം തന്നെ കേരളത്തില്‍ നിരവധി സ്ഥലങ്ങളില്‍ സജിത്കുമാറിന്റെ ചിത്രപ്രദര്‍ശനങ്ങളുണ്ടായി.


താനെ തിരിഞ്ഞും മറിഞ്ഞുംസൂര്യകാന്തി...സൂര്യകാന്തി.. സ്വപ്‌നം കാണുവതാരെ...

അരങ്ങിതില്‍ ആളൊഴിഞ്ഞു...കാണികള്‍ വേര്‍പിരിഞ്ഞു.അനുരാഗ നാടകത്തിന്‍ അന്ത്യമാം രംഗം തീര്‍ന്നു


 ഇണക്കുയിലേ... ഇണക്കുയിലേ ...
ഇനിയെവിടെ കൂടുകൂട്ടും ഇണക്കുയിലേ...
കടലേ നീലകടലേ....നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ...


These paintings are my tributes to late music director M.S Baburaj based on his songs.

C.D Sajithkumar
91-95 Mechanical